കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞ ലളിതേച്ചി ക്ക് മുന്നിൽ ഈ അക്ഷരാർച്ചന സമർപ്പിക്കുന്നു .......എനിക്കറിയാം ഇന്നു ഈ ഭൂമിയിൽ ഇല്ലെങ്കിലും ,ഒരു കടലാസ് തുണ്ട് വീണുകിട്ടിയാൽ പോലും വായിക്കുന്ന ലളിതേച്ചി ഇതും വായിക്കും എന്ന് ....അത്രയ്ക്ക് ഇഷ്ടമാണ് എന്നെ ....
അമ്മ അധ്യാപികാ പരിശീലനത്തിനായി തൃശൂരിൽ ആയിരുന്ന കാലം എന്റെ അമ്മമ്മയെ സഹായിക്കാൻ അടുത്ത വീട്ടിൽ നിന്നും എത്തുന്ന ഒരാൾ മാത്രമായിരുന്നില്ല എനിക്കും എന്റെ അനിയത്തിക്കും ലളിതേച്ചി .പിച്ച വച്ച് നടക്കുന്ന കാലം തൊട്ട് ഞങ്ങൾക്ക് എല്ലാമെല്ലാം ആയിരുന്നു .ഓർമ്മ വച്ച നാൾ മുതൽ എന്നെ കുളിപ്പിക്കുന്നതും വസ്ത്രം ഇട്ടു തരുന്നതും എടുത്ത് തൊട്ടടുത്തുള്ള മുത്തശ്ശന്റെ സ്കൂളിൽ കൊണ്ട് ചെന്നാക്കുന്നതും ലളിതേച്ചി ആണ് .ഏച്ചിയുടെ ഇളയ അനിയൻ നാരായണൻ കുട്ടിയും ഞാനും ഒരേ പ്രായമാണ് .ആ വാത്സല്യവും സ്നേഹവും ഇല്ലങ്കിൽ അതിലുപരി എന്നെ സ്നേഹിച്ചിരുന്നു എന്നെനിക്ക് തോന്നീട്ടുണ്ട് .
ആ കുടുംബത്തിലെ 7 മക്കളിൽ രണ്ടാമത്തെ ആളാണ് ലളിതേച്ചി .മൂത്ത ഏച്ചി കല്യാണം കഴിഞ്ഞു പോയശേഷം ഇളയവരെ പഠിപ്പിക്കാനായി ഏച്ചി പഠനം മതിയാക്കി .
ഇപ്പോഴും ഏച്ചിയേ ഓർക്കുമ്പോൾ കണ് മുന്നിലുള്ള രൂപം ആ പഴയതാണ് ..കുഞ്ഞു പൂക്കളുള്ള ഒരേ തുണിയിൽ തുന്നിയ ഫുൾ പാവാടയും ബ്ലൗസും ...നീളൻ മുടി ...കഴുത്തിൽ ഒരു വലിയ ,കുഞ്ഞു കല്ലയുടെ മാല അതിന്റെ അറ്റം കെട്ടിയിട്ട് ലോക്കറ്റ് ആക്കും .കൈ നിറയേ ചുമപ്പും പച്ചയും ഇടകലർന്ന കുപ്പി വളകൾ .വലിയ പത്രങ്ങൾ കഴുകുമ്പോൾ അതിൽ കുറേയൊക്കെ പൊട്ടിപോകും . ഇന്നു രണ്ടു വള പൊട്ടി എന്ന് സങ്കടത്തോടെ പറയുന്ന ലളിതേച്ചിയുടെ മുഖം ഞാൻ ഇന്നും ഓർക്കുന്നു .ആ പൊട്ടിയ വളത്തുണ്ടുകൾ എടുത്തുവച്ച് എനിക്ക് തരുമായിരുന്നു .അതെല്ലാം ഞാൻ ഒരു കുപ്പിയിൽ ഇട്ടുവെക്കും .എല്ലാ വർഷവും വീട്ടിനടുത്തുള്ള ഭഗവതി കാവിൽ തെയ്യം വരുമ്പോഴാണ് ലളിതേച്ചി കൈനിറയെ വളയിടുന്നത് .അടുത്ത വർഷം തെയ്യം ആകുമ്പോഴേക്കും വളയിടാൻ എന്നോണം ആ കൈകൾ കാലിയാകും .
ആ സ്നേഹത്തിന്റെ ഒരുപാടു മുഹുർത്തങ്ങൾ അനുഭവിച്ച് അറിഞ്ഞ ഒരാളാണ് ഞാൻ .അതിലൊന്ന് ഇവിടെ പറയാം ...
ഞങ്ങളുടെ സ്കൂളിൽ അന്ന് കുട്ടികൾക്ക് ഉച്ചക്ക് ഉപ്പുമാവ് ഉണ്ടായിരുന്നു .ഗോതമ്പിന്റെ വലിയ തരിയുള്ള ഉപ്പുമാവ് .എനിക്കത് വലിയ ഇഷ്ടമായിരുന്നു .എന്നാൽ എന്റെ മുത്തശ്ശൻ ഇതു കഴിക്കാൻ എന്നേ അനുവദിച്ചിരുന്നില്ല .പുറത്തുനിന്നുള്ളവർ അതുണ്ടാക്കുന്നു എന്നതാണ് കാരണം .മുത്തശ്ശന്റെ സ്കൂൾ ആയതു കാരണം അധ്യാപകർ എനിക്കത് തരികയുമില്ല .ഇതു ലളിതേച്ചിക്ക് നന്നായി അറിയാം .ഞങ്ങളുടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു ആ സ്കൂൾ .ഉച്ചക്ക് ബെൽ അടിക്കുന്ന സമയം ഏച്ചി സ്കൂൾ ളിൽ വന്ന് ഉപ്പില മരത്തിന്റെ ഇല കോട്ടി അതിൽ ഉപ്പുമാവ് വാങ്ങും .എന്നിട്ട് വീടിന്റെ പിറകിൽ എന്നെ കൊണ്ടുപോയി വാരി വായിൽ വച്ച് തരും എന്നിട്ട് ആ പാവാട തലപ്പുകൊണ്ട് മുഖം തുടച്ച് തന്നിട്ട് പറയും " ആരോടും പറയേണ്ട കേട്ടോ ".
ഒരു ദിവസം ഞാൻ അറിഞ്ഞു ലളിതേച്ചി യുടെ കല്യാണമാണ് .അക്കരെ നിന്ന് ഞങ്ങളുടെ നട്ടിൽ ജോലിക്ക് വന്ന ഒരാൾ കണ്ട് ഇഷ്ടമായി പെണ്ണ് ചോദിച്ചതാ .അങ്ങിനെ ആ ദിനവും എത്തി .അക്കരെ വച്ചാണ് കല്യാണം കടവ് വരെ നടന്ന് പോവണം .ഞങ്ങളുടെ വീട്ടു പറമ്പിനു അരികിലൂടെ ഉള്ള ഒരു ഇടവഴിയിലൂടെയാണ് കടവിലേക്കുള്ള വഴി .ലളിതേച്ചിയേ കാണാൻ ഞാൻ ആ വഴിയിൽ കാത്തുനിന്നു . സാരിയുടുത്ത് ,തലയിൽ നിറയെ മുല്ലപൂ ചൂടി ഒരു കുടയും ചൂടി നടന്നു വരുന്ന ലളിതേച്ചിയെ ഞാൻ വിസ്മയത്തോടെ നോക്കി നിന്നു . അന്ന് ആദ്യമായാണ് ഞാൻ ഏച്ചിയെ സാരി ഉടുത്ത് കാണുന്നത് .അടുത്ത് എത്തിയപ്പോൾ എന്നെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ തന്ന് ഏച്ചി നടന്നു പോയി .അന്ന് ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ആദ്യമായി കണ്ടു .
കാലം കടന്നുപോയി .എന്റെ കല്യാണം വന്നപ്പോൾ ഞാൻ ഏച്ചിയെ വിളിച്ചു .തലേ ദിവസം തന്നെ വീട്ടിൽ വന്നു .ഏച്ചി വളരെ സന്തോഷവതി ആയിരുന്നു അന്ന് .രണ്ടു മക്കൾ ,മൂത്തത് പെണ്ണും രണ്ടാമത്തേത് ആണും .കണ്ടപാടെ എന്നേ കെട്ടിപിടിച്ച് കരഞ്ഞു .ഭക്ഷണം കഴിക്കാൻ മടികാണിച്ചിരുന്ന എന്നെ പുളിമരച്ചോട്ടിലും പശു തൊഴുത്തിലും കൊണ്ട് നടന്ന് ചോറുട്ടിയ ആ കൈകളിൽ നിന്നുള്ള ചോറു തന്നെയാണ് ഇന്നും എന്റെ ഉള്ളിലേ ജീവൻ .
ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോൾ അച്ഛൻഏച്ചിയുടെ സംസ്കാരവും കഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളു .
ഞാൻ അറിഞ്ഞിരുന്നില്ല കുറേ നാളായി കാൻസർബാധിച്ച് കിടപ്പിലായിരുന്നു എന്ന് . ആ പഴയ നീളൻ മുടി ഇല്ലാതെ മെലിഞ്ഞ് പായയിൽ ഒട്ടി കിടക്കുകയായിരുന്നു ലളിതേച്ചി എന്നറിഞ്ഞപ്പോ .....................
3 comments:
നാട്ടിൽ നിന്നകന്നു പോകുമ്പോഴും നാടിനോട് ചേർത്തു നിർത്തുന്ന കുറച്ചു പേർ എല്ലാ ജീവിതങ്ങളിലും ഉണ്ടാകും ല്ലേ ബിജൂ...
ലളിതേച്ചിക്ക് ഉചിതമായ അഞ്ജലി തന്നെ ഈ സ്മരണ...!
എന്നും ഓര്‍ത്ത് വേദനിക്കാനായി ഇത് പോലെയുള്ള കുറച്ച് ബന്ധങ്ങള്‍ എല്ലാവരുടെയും മനസ്സിലുണ്ട്. പേരുകളിലെ വ്യത്യാസം കാണൂ....
നല്ലൊരു ഓര്‍മ്മക്കുറിപ്പ്..
ഓര്‍മ്മകള്‍ ന്നും വസന്തമായ് നില്ക്കട്ടെ മനസ്സില്‍...rr
Post a Comment