Sunday, April 28, 2013

ഒരു മഴക്കാലം കൂടി ....

മഴ എന്നും എനിക്ക് പ്രീയപ്പെട്ടതാണ്‌ ... എന്നാൽ എന്നും മഴകൾ എനിക്ക് സമ്മാനിച്ചിരുന്നത് അടക്കിപിടിച്ച തേങ്ങലുകളാണ് .... ദാ ഈ വർഷവും ഞാൻ നാട്ടിൽ എത്തുന്നത് മഴക്കാലത്താണ് ..ജൂലൈ മാസം ... മഴയെക്കുറിച്ച് ഓർത്തപ്പോൾ മനസിലേക്ക് കടന്നു വന്ന ഒരു തേങ്ങലാണ് ഞാൻ ഇവിടെ പങ്ക് വെക്കുന്നത്

നഷ്ടപ്പെടുമ്പോഴാണ് ആ നഷ്ടത്തിന്റെ വില നമ്മൾ തിരിച്ചറിയുന്നത്‌ എന്ന് പറയുന്നത് എത്ര സത്യമാണ് ...

വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ആലപ്പുഴ കടൽപ്പുറത്ത് കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ ഒരു കൈനോട്ടക്കാരൻ എന്റെ അടുത്തുവന്ന് ചോദിച്ചു " ആ കൈ ഒന്ന് നോക്കട്ടെ സാർ ? "
എനിക്ക് പൊതുവെ ഇത്തരം മണ്ടത്തരങ്ങളിൽ വിശ്വാസം ഇല്ലാത്തതു കൊണ്ട് അയാളെ നിരുത്സാഹപ്പെടുത്തും വിധമായിരുന്നു എന്റെ മറുപടി .
' സാർ ഇപ്പോഴത്തെ ജോലി വേണ്ടെന്നു വെക്കും "
എനിക്ക് ചിരി വന്നു . മാതൃഭൂമി പോലുള്ള ഇത്രയും സേഫ് ആയ ഒരു പത്രത്തിൽ നിന്ന് ജോലി വേണ്ടെന്നു വെക്കുകയോ ....ഒരിക്കലും സംഭവിക്കാത്ത കാര്യം .
" സാർ ജോലി വേണ്ടെന്നു വെക്കുക മാത്രമല്ല കടൽ കടന്ന് പോകും " അയാൾ എന്റെ കണ്ണിൽ ത്തന്നെ നോക്കി നിന്നു .
ഇത്തരത്തിൽ ഉള്ളവരുടെ ഒരു പൊതു സ്വഭാവമാണ് നമ്മളേ സുഖിപ്പിച്ചു കൊണ്ട് കൈയ്യിൽ എടുക്കുക എന്നത് .
ഞാൻ മനസ്സിൽ ചിരിച്ചു . ഇയാൾക്ക് അറിയില്ല എന്റെ സ്വപ്നം എന്താണെന്നു .ഈ നാടുവിട്ട് പോവുക എന്നത് ഞാൻ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് . മാത്രമല്ല നല്ല സിനിമയുടെ ഭാഗമാകുക എന്നത് മാത്രമാണ് അന്നത്തെ എന്റെ ഏറ്റവും വലിയ സ്വപ്നവും .അതുകൊണ്ട് തന്നെയാണ് കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ആയി വരുമ്പോൾ ഞാൻ ഏറെ സന്തോഷിച്ചതും . അന്നൊക്കെ ഒട്ടുമിക്കവാറും സിനിമ ഷൂട്ടിങ്ങ്കൾ നടന്നിരുന്നത് ആലപ്പുഴയിൽ ആയിരുന്നു .കൂടാതെ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംവിധയകാൻ ഫാസിൽ ന്റെ നാടും .(ഈ സാധ്യതകളൊക്കെ ഉപയോഗപ്പെടുത്തി ഭാവിയിൽ ഒരു സിനിമക്കാരനാകാം എന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു )
എന്റെ കൂടെ ഉണ്ടായിരുന്ന രാജീവ്‌ പറഞ്ഞു " എടാ ഈ പറയുന്നതൊന്നും നീ അങ്ങിനെ തള്ളികളയേണ്ട "
അവൻ അന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ൽ നിന്നും പഠനവും കഴിഞ്ഞ് ഒരു സംവിധായകന്റെ കീഴിൽ സഹ സംവിധായകനായി ജോലി ചെയ്യുകയായിരുന്നു .അതുകൊണ്ട് തന്നെ ഈ സിനിമാക്കാർക്ക്‌ എല്ലാമുള്ള അന്ധവിശ്വാസങ്ങളിൽ പെട്ട് അവനും അന്ധനായെന്നു ഞാൻ കുറ്റപ്പെടുത്തി .

**********************************************************************************************


വർഷങ്ങൾ കടന്നു പോയി ..ഞാൻ കടൽ കടന്നു ...
ഇന്നു ഞാൻ ഖത്തർ എന്ന മണലാരണ്യത്തിലാണ് . മനസ്സിൽ നാടിനെക്കുറിച്ചുള്ള ഓർമകളും പേറി നടക്കുന്ന ഒരു വിദേശ മലയാളി . വർഷത്തിൽ കിട്ടുന്ന 30 ദിവസത്തെ പരോൾ സമയത്താണ് ഞാൻ എന്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്നത് .
അന്നും ഇന്നും തമ്മിൽ ഒരു കാര്യത്തിൽ മാത്രമേ ഞാൻ മാറാതെ ഇരുന്നിട്ടുള്ളൂ , "ഇന്നും സിനിമയെന്നത് എന്റെ സ്വപ്നമാണ് ".

ഞാൻ ഏറെ വിലപ്പെട്ടതായി സൂക്ഷിക്കുന്ന ഒരു ടിൻ പെട്ടിയുണ്ട് എന്റെ വീട്ടിൽ. ഒരു പഴയ തുരുമ്പിച്ച ടിൻ പെട്ടി . പണ്ട് എന്റെ അച്ചാച്ചൻ പട്ടാളത്തിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന പെട്ടിയാണ് അത് . ചെറുപ്പം മുതലേ എനിക്ക് കിട്ടിക്കൊണ്ടിരുന്ന എഴുത്തുകൾ എല്ലാം ഞാൻ സൂക്ഷിച്ചിരിക്കുന്നത് ആ പെട്ടിയിലാണ് . 10 പൈസയുടെ പോസ്റ്റ്‌ കാർഡ്‌ മുതൽ 10 രൂപ വരേ പോസ്റ്റൽ ഫൈൻ അടക്കേണ്ടിവന്ന പ്രണയ ലേഖനങ്ങൾ വരെ ആ പെട്ടിയിൽ ഉണ്ട് . അതുകൊണ്ട് തന്നെ ആ പെട്ടി നിറയേ എന്റെ ഓർമകളാണ് .....
ഓരോതവണ നാട്ടിൽ എത്തുമ്പോഴും ഞാൻ ആ പെട്ടി ആരും കാണാതെ തുറന്നു നോക്കും . ഇത്തവണ ഏറെ പ്രയാസപ്പെട്ടാണ് ഞാൻ ആ പെട്ടി തുറന്നത് . താക്കോൽ പൂട്ട്‌ തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു
. ആ പെട്ടിയിൽ നിന്നും ഒരുമിച്ച് കെട്ടിവച്ച ഒരു കൂട്ടം കത്തുകൾ ഞാൻ എടുത്തു വെറുതെ മറിച്ചു നോക്കുകയായിരുന്നു . അതിൽ ഒരു കവറിന്റെ പുറത്ത് നീലമഷി പേനകൊണ്ട് എഴുതിയ"ശ്രീ " എന്ന പേര് മഞ്ഞു തുടങ്ങിയിരിക്കുന്നു .

ഓർമകൾ വർഷങ്ങൾക്ക് പിറകിലേക്ക് ................
ആദ്യ കോളേജ് ദിനം ..

പ്രതീക്ഷിക്കാതെ പെയിത മഴയില നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുമായി ക്ലാസ്സിലേക്ക് ഓടിക്കയറി വന്ന ശ്രീയെ ഞാൻ ഓർത്തു . ഫുൾ പാവാടയും ബ്ലൌസും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടിന് മുകളിലായി ഒരു ചന്ദനക്കുറിയും ,ഇതാണ് ശ്രീയേ ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന രൂപം .അവളുടെ കണ്ണിൽ എന്നും വിഷാദ ഭാവമായിരുന്നു .മൂളുന്ന പാട്ടുകളിലും ഉണ്ടായിരുന്നു ആ വിഷാദം . കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ നല്ല കൂട്ടുകാരായി .
ചിലപ്പോഴൊക്കെ ഞാൻ അവളെ മലയാളത്തിന്റെ ദുഖപുത്രി ശാരദയുടെ പേര് വിളിച്ചു കളിയാക്കാറുണ്ട് . അപ്പോൾ മാത്രമാണ് ആ ചുണ്ടുകളുടെ ഒരു കോണിൽ ഒരു ചെറുപുഞ്ചിരി വിടർന്നു മറയുന്നത് ഞാൻ കണ്ടിരുന്നത്‌ .
ഒരിക്കലും ഞങ്ങൾ പ്രണയിച്ചിരുന്നില്ല . ക്യാമ്പസ്കളിലെ പൈങ്കിളി പ്രണയങ്ങളോട് എന്നും അവൾക്ക് എതിർപ്പായിരുന്നു . ക്ലാസിൽ കയറാതെ ഉഴപ്പി നടന്നിരുന്ന എന്നോട് എന്താണ് അവൾക്ക് ഇത്രയും അടുപ്പം തോനാൻ കാരണമെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട് .ഞാൻ കയറാത്ത ക്ലാസ്സ്‌കളിലെ നോട്സുകൾ കാർബണ്‍ പേപ്പർ വച്ച് പകർത്തി ഞാൻ ആവശ്യപ്പെടാതെ തരുമ്പോൾ എന്തായിരിക്കാം അവളുടെ മനസിലെന്നു എനിക്കറിയില്ല .
കോളേജ്ൽ പഠനം ഒഴികെയുള്ള ഏതു കാര്യത്തിനും ഞാൻ മുന്നിലുണ്ടാകും ... നാടകം , രാഷ്ട്രീയം ,സമരം ,സ്പോട്സ് തുടങ്ങി എല്ലാം . ഇതൊക്കെ പെണ്‍കുട്ടികളേ കൈയ്യിലെടുക്കാനുള്ള എന്റെ അടവുകൾ ആണെന്ന് പറഞ്ഞ് എന്നെ കളിയാക്കും .
വൈകുന്നേരം 3 മണി കഴിഞ്ഞാൽ ഞാൻ ഫുട്ബോൾ ഗ്രൗണ്ടിൽ ആയിരിക്കും .വലകാക്കുന്ന ഗോളിയുടെ വേഷത്തിൽ . 3 മണിക്കുള്ളിൽ ബൂട്ട് കെട്ടിയില്ലെങ്കിൽ ദേവസ്യ സാറിന്റെ ശിക്ഷയായിരിക്കും . ക്ലാസ്സിൽ കയറാതെ നടന്നിരുന്ന എനിക്ക് ഹാജർ പ്രശ്നമാവാതെ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നത് ദേവസ്യ സാറിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് .
ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ കാർബണ്‍ കോപ്പി നോട്സ്കളുമായി ഗ്രൗണ്ടിൽ എത്തുന്ന അവളെ എന്റെ കൂട്ടുകാർ വിളിച്ചിരുന്ന വിളി പേര് "കാർബണ്‍ കോപ്പി " എന്നായിരുന്നു .
വളരേ അപൂർവമായേ ഞങ്ങൾ ക്ലാസ്സ്‌ മുറികളിൽ വച്ച് കാണാർ ഉണ്ടായിരുന്നുള്ളു .അധ്യാപകർ ക്ലാസ്സിൽ കയറുമ്പോഴേക്കും ഞാൻ ക്ലാസ്സ്‌ റൂമിന് പുറത്ത് എത്തിയിരിക്കും .
അങ്ങിനെ 1 വർഷം കടന്നു പോയി . ക്യാമ്പസ്സിൽ മറ്റുള്ളവരുടെ കണ്ണിൽ ഞങ്ങൾ പ്രണയ ജോടികളായി . മിക്കവാറും ലൈബ്രറിയിൽ വച്ചായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടൽ . നല്ല നല്ല പുസ്തകങ്ങൾ എടുത്തു തന്ന് അത് വായിക്കാൻ പ്രേരിപ്പിച്ചത് അവളായിരുന്നു . അത്ര അധികമൊന്നും വായനാ ശീലമില്ലാത്ത എന്നേ തകഴി ,ബഷീർ ,യംടി ,പൊറ്റക്കാട് തുടങ്ങിയ എഴുത്ത് കാരെയൊക്കെ അവൾ എനിക്ക് പരിചയപ്പെടുത്തി തന്നു .
എനിക്ക് തന്നിരുന്ന പുസ്തകങ്ങൾക്കുള്ളിൽ അവളുടെ മനസിലെ ചിന്തകൾ വിചാരങ്ങൾ എന്നുവേണ്ട ഈ ഭൂമുഖത്തുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും അവൾ എഴുതിയ ഒരു കെട്ട് എഴുത്തുകൾ ഉണ്ടാകും .സത്യത്തിൽ അവൾ തന്നിരുന്ന പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ എനിക്ക് പ്രീയം ആ പുസ്തകങ്ങൾക്കുള്ളിൽ അവൾ വച്ച് തന്നിരുന്ന എഴുത്തുകൾ വായിക്കാനായിരുന്നു .ഇതിനു സാക്ഷി ആവേണ്ടി വരാറുള്ള ലൈബ്രേറിയൻ തോമസ്‌ ഏട്ടനും ചിലപ്പോഴൊക്കെ സംശയത്തോടെ ഞങ്ങളെ നോക്കാറുണ്ട് .ഒരിക്കലും എന്റെ മറുപടിക്ക് വേണ്ടി അവൾ കാത്തു നിക്കാറില്ല ....

ഏതു കഥയ്ക്കും ഒടുവിൽ ഒരു വില്ലൻ വേണമല്ലോ .അതെ ഈ കഥയ്ക്കും ഒടുവിൽ ഒരു വില്ലനെത്തി ..അത് കാലമായിരുന്നു

അന്നും നല്ല മഴയായിരുന്നു .
പതിവുപോലെ കോളേജിൽ എത്തിയപ്പോൾ ക്യാമ്പസ്സിൽ എല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചു നിൽക്കുന്നു .ക്ലാസ്സ്‌ ലേ കുട്ടികൾ പല റൂമുകളി ലായി നിന്ന് കരയുന്നു . ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല .എനിക്ക് ഒന്നും മനസിലായില്ല .
മഴയുടെ ശക്തി കൂടി വരുന്നു . മഴയെ കീറി മുറിച്ച് ഒരു ആംബുലൻസ് ക്യംബസ്സിലേക്ക് കടന്നു വന്നു .ആംബുലൻസ്ൽ നിന്നും വെള്ള പുതപ്പിച്ച ഒരു ശരീരം വരാന്തയിലേക്ക് എടുത്തു വച്ചു .ചുറ്റും കൂടിനിന്ന കുട്ടികളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു .
ഒരാൾ വന്ന് മുഖത്തിട്ട വെളുത്ത തുണി എടുത്തു മാറ്റി .അത് അവളായിരുന്നു .
പുറത്ത് മഴ തകർത്തു പെയ്യുകയാണ് .
അതേ ....
ഇതുപോലൊരു മഴക്കാലത്തായിരുന്നല്ലോ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതും ...
ഞാൻ മഴയിലേക്ക് ഇറങ്ങി നടന്നു ....നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതിരിക്കാൻ ...

1 comment:

Sidheek Thozhiyoor said...

മഴക്കാലമായോ !എഴുത്ത് നന്നായി.